‘നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; അസ്താനയെ തള്ളി സി.വി.സി

single-img
11 November 2018

നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ (സിവിസി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇതു നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഭരണനേതൃത്വത്തോട് അടുപ്പമുള്ള സ്‌പെഷല്‍ ഡയക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസെടുത്തതിനു പിന്നാലെയാണ് അലോക് വര്‍മയ്‌ക്കെതിരെ ആരോപണം വന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 23ന് കേന്ദ്രസര്‍ക്കാര്‍ ഇരുവരോടും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ കെ.വി. ചൗധരി അധ്യക്ഷനും വിജിലന്‍സ് കമ്മീഷണര്‍മാരായ ടി.എം. ബാസിന്‍, ശരദ് കുമാര്‍ എന്നിവരുള്‍പ്പെട്ട സമിതിക്കു മുമ്പാകെ അലോക് വര്‍മ കഴിഞ്ഞ ദിവസം ഹാജരായി മൊഴി നല്‍കിയിരുന്നു. സിവിസി നല്‍കിയ ചോദ്യാവലിയില്‍ തനിക്കെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ അലോക് വര്‍മ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ചു.

തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ അലോക് വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കു തിരിച്ചെത്തുമെന്നാണു സൂചന. അതേസമയം, കള്ളപ്പണ കേസില്‍ കേസെടുക്കാതിരിക്കാനായി വ്യവസായിയില്‍നിന്ന് രാകേഷ് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.