ആലത്തൂരില്‍ അമ്പതോളം വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

single-img
11 November 2018

ആലത്തൂര്‍: വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ഭര്‍ത്താവിനെയും ഭാര്യയെയും ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കാവശേരി വാവുളള്യാപുരം മണലാടിക്കുഴി വീട്ടില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (43), ഭാര്യ ശാന്തിമോള്‍ (27) എന്നിവരെയാണ് വെള്ളിയാഴ്ച വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി അന്‍പതോളം മോഷണക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. അടച്ചിട്ട വീടുകള്‍ പകല്‍ നീരീക്ഷിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. വീട്ടുകാര്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് എന്തെങ്കിലും ആവശ്യത്തിനോ ബന്ധുവീട്ടിലോ പോകുന്ന അവസരമാണ് മുതലാക്കുക.

ഇരുവരും ബൈക്കില്‍ കറങ്ങി നടന്ന് ഇത്തരം വീട് കണ്ടുവെക്കും. രാത്രിയില്‍ പൂട്ടുപൊളിച്ച് അകത്തു കടന്ന് സാധങ്ങള്‍ വലിച്ചുവാരി പരിശോധിച്ച് വിലപിടിപ്പുള്ളതുമാത്രം തിരഞ്ഞെടുക്കും. മോഷണത്തിന് പുറത്തുനിന്നുള്ള കൂട്ടാളികളെ ആശ്രയിക്കാത്തതിനാല്‍ രഹസ്യം ചോരുകയുമില്ല.

കാവശ്ശേരി പ്രദേശത്തെ ആളുകളില്ലാത്ത വീടുകളില്‍ അടുത്തിടെ തുടര്‍ച്ചയായി സമാനരീതിയില്‍ മോഷണം നടന്നതാണ് പ്രതികളെ കുടുക്കിയത്. പ്രാദേശികമായി സ്ഥലപരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദമ്പതിമാരിലെത്തിയത്.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിന് സമീപം ഡോക്ടര്‍മാരെ വീടുകളില്‍ കാണാനെത്തുന്നവരുടെ ബൈക്ക് മോഷ്ടിക്കുന്നതായിരുന്നു മറ്റൊരു രീതി. മോഷണം നടത്തി പണമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും മോഷണമുതല്‍ ഒളിപ്പിക്കാനും വില്‍ക്കാനും സഹായിക്കുകയുമാണ് ശാന്തിമോള്‍ ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

നാല് ബൈക്കുകള്‍, ആറ് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. മലപ്പുറം മഞ്ചേരി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ്, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.