വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

single-img
10 November 2018

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. പതിനൊന്നു അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാര്‍ സിമന്റില്‍ ഏറ്റവും വലിയ അഴിമതി നടന്നതും. രണ്ട് കോടിയോളം വരുന്ന ആസ്തിവകകള്‍ കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു.

23 കോടിയുടെ ആസ്തികളാണ് കണ്ടുകെട്ടിയതെങ്കിലും ഇപ്പോള്‍ ഇതിന്റെ വിപണി മൂല്യം ഏതാണ്ട് 100 കോടിയോളം വരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. കരാര്‍ ഇടപടില്‍ മുംബൈയിലെ ഋഷി ടെക്ക് കമ്പനികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് ഡല്‍ഹിയിലെ അപെക്‌സ് അതോറിറ്റികള്‍ അംഗീകരിച്ചാല്‍ വി.എം രാധാകൃഷ്ണന് ഈ ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും.