ധൈര്യമുണ്ടെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യൂവെന്ന് വീമ്പിളക്കിയ എം.ടി.രമേശിനെ തള്ളിപ്പറഞ്ഞ് ശ്രീധരന്‍പിള്ള

single-img
10 November 2018

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

വികാരമുള്ള അണികള്‍ അവരുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതൊക്കെ ആലങ്കാരിക ഭാഷയാണ്. പൊലീസ് ഒരു കേസെടുത്താല്‍ അതിന്റെ കേസ് നടപടികളുമായിട്ട് മുന്നോട്ട് പോകുന്നത് വൈരുദ്ധ്യമാണെന്ന സമീപനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളുന്നു.

മനുഷ്യമനസിലേക്ക് കടന്ന് ചെല്ലുന്ന വികാര പ്രസംഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയത്തില്‍ ഗുണകരമല്ല. അനാശാസ്യമായി അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശ്രീധരന്‍പിള്ള നയിക്കുന്ന രഥയാത്ര വൈകുന്നേരം കസബ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോകുമെന്നും അപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാവുന്നതാണെന്നും നേരത്തെ എം.ടി.രമേശ് വെല്ലുവിളിച്ചിരുന്നു.

അതേസമയം, യുവമോര്‍ച്ച വേദിയിലെ വിവാദ പ്രസംഗത്തിനെതിരായ നിയമ നടപടി സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത. കേസ് റദ്ദാക്കാനുള്ള ഹര്‍ജി നല്‍കാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിവാദ പ്രസംഗത്തിനെതിരായ കേസ് രാഷ്ട്രീയമായി നേരിടണമെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം.

എം.ടി രമേശ് ഉള്‍പ്പെടെ 4 ജനറല്‍ സെക്രട്ടറിമാരും സര്‍ക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. രഥയാത്രയുടെ വേദികളില്‍ അവരത് പരസ്യമാക്കിയിട്ടുമുണ്ട്. ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെതിരായ കേസും രാഷ്ട്രീയമായി നേരിടാനാണ് ബി.ജെ.പി തീരുമാനം.

കേസില്‍ ജാമ്യമെടുക്കില്ലെന്നും അറസ്റ്റുവരിക്കാന്‍ തയ്യാറാണെന്നും പ്രകാശ് ബാബു പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാനുള്ള പാര്‍ട്ടി പൊതുവികാരത്തിനെതിരെയാണ് ശ്രീധരന്‍പ്പിള്ളയുടെ നിയമനടപടി.