ഷാര്‍ജ വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി

single-img
10 November 2018

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. അടുത്തമാസം നാലുമുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. ഉരുണ്ടതും വൃത്താകൃതിയിലുള്ളതുമായ ബാഗേജുകള്‍ തിരിച്ചയയ്ക്കപ്പെടും. ഉരുണ്ടതും പരിധിക്കപ്പുറം നീണ്ടതും കൃത്യമായ ആകൃതിയില്ലാതെ കെട്ടിയതുമായ ബാഗേജുകള്‍ അനുവദിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടുബാഗേജുകള്‍ ഒന്നിച്ച് ചേര്‍ത്ത് കെട്ടിയോ ഒട്ടിച്ചോ ഉള്ള നിലയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. അയഞ്ഞ കയറോ വള്ളിയോ ഇട്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും മറ്റും കെട്ടി വെക്കരുത്. നീളമുള്ള വള്ളികള്‍ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല. ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

ഈ നിബന്ധനകളുടെ പരിധിയില്‍ വരാത്ത ബാഗേജുകള്‍ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലഘുലേഖകള്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഇതുസംബന്ധിച്ച ബോധവത്കരണ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.