നോട്ട് നിരോധിച്ചാല്‍ കള്ളപ്പണവും കള്ളനോട്ടും തടയാമെന്ന വിലയിരുത്തല്‍ തെറ്റെന്നു ആര്‍ബിഐ അന്നേ പറഞ്ഞു; എന്നിട്ടും മോദി സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല

single-img
10 November 2018

കള്ളപ്പണം തിരിച്ചു പിടിക്കാനും കള്ള നോട്ട് ഇല്ലാതാക്കാനും നോട്ട് നിരോധനം കൊണ്ട് കഴിയില്ലെന്ന് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനം ശ്ലാഘനീയമെങ്കിലും മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ ഹ്രസ്വകാലത്തേക്കു ബാധിക്കുമെന്ന് ആര്‍ബിഐ ബോര്‍ഡ് മുന്നറിയിപ്പു നല്‍കിയിരുന്നു.

2016 നവബംര്‍ 8ന് രാത്രി 8നാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്ന് വൈകിട്ട് 5.30ന് ഡല്‍ഹിയില്‍ ചേര്‍ന്ന ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് യോഗമാണ് നടപടിയുടെ വരുംവരായ്കകള്‍ വിലയിരുത്തി, സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

ഈ യോഗത്തിന്റെ മിനിറ്റ്‌സിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മിനിറ്റ്‌സില്‍ 2016 ഡിസംബര്‍ 15ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഒപ്പുവച്ചു. സര്‍ക്കാരും ബാങ്കുമായി 6 മാസം ചര്‍ച്ച നടത്തിയശേഷമാണ് നിരോധനം പ്രഖ്യാപിച്ചതെന്നും മിനിറ്റ്‌സ് വ്യക്തമാക്കുന്നു.

നവംബര്‍ ഏഴിനാണ് നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം ആര്‍ബിഐ ഡയറക്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗവും പണമായിട്ടല്ല മറിച്ച് സ്വത്തുവകകള്‍, സ്വര്‍ണം റിയല്‍ എസ്റ്റേറ്റ് എന്നീ രൂപങ്ങളിലാണ് സുക്ഷിച്ചിരിക്കുന്നതെന്നും ഇവയൊന്നും തന്നെ തൊടാന്‍ നോട്ട് നിരോധനത്തിലൂടെ കഴിയില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

കള്ളനോട്ടുകളില്‍ ഭൂരിഭാഗവും 1000ത്തിന്റെയും 500ന്റെയും നോട്ടുകളാണെന്നും ഇങ്ങനെയുള്ള നോട്ടുകള്‍ ഏകദേശം 400 കോടിയാളം വരുമെന്നും ധനമന്ത്രാലയം ബോര്‍ഡിനെ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ 400 കോടിയെന്നത് ഏറ്റവും ചെറിയ ശതമാനമാണെന്നായിരുന്നു ബോര്‍ഡ് ഇതിന് മറുപടി നല്‍കിയത്.

നോട്ട് നിരോധനം പെട്ടെന്നു നടപ്പാക്കുന്നത് ആരോഗ്യ, ടൂറിസം മേഖലകളെ ബാധിക്കുമെന്നും ആര്‍ബിഐ വിലയിരുത്തിയിരുന്നു. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ നിരോധിത നോട്ട് ഉപയോഗിക്കാന്‍ പാടില്ലാത്തവയുടെ പട്ടികയില്‍ പെടുത്തരുതെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കൈവശംവച്ച് ദീര്‍ഘയാത്ര നടത്തുന്ന ടൂറിസ്റ്റുകള്‍ പ്രതിസന്ധിയിലാകുമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആര്‍ബിഐ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതെന്ന് ആര്‍ബിഐ രേഖയില്‍ പറയുന്നു.