ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയെ എതിര്‍ത്ത് രാഹുല്‍ ഈശ്വര്‍

single-img
10 November 2018

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയെ ശക്തിയുക്തം എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും രാഹുല്‍ പറഞ്ഞു. ബഹുസ്വരതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ടിജി മോഹന്‍ദാസിന്റെ നീക്കം.

ആര്‍.എസ്.എസ് സംഘടന ശബരിമല സമരത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തീവ്ര നിലപാടുള്ള വ്യക്തികളാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടത്തിയത്, അല്ലാതെ ആര്‍.എസ്.എസ് അല്ല. ശബരിമലയിലെ വിശ്വാസം തകര്‍ക്കാനുള്ള കേസിന് ദേവസ്വം ബോര്‍ഡ് ശബരിമലയിലെ പണമെടുത്ത് ചെലവാക്കരുത്.

സിപിഎം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇടമല്ല ദേവസ്വം ബോര്‍ഡെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. യുവതി പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്താല്‍ ബോര്‍ഡിന്റെ ക്ഷേത്രത്തിലേക്ക് പണം നല്‍കരുതെന്ന പ്രചാരണങ്ങളെ പിന്തുണക്കുമെന്നും രാഹുല്‍ പറഞ്ഞു.

അയ്യപ്പനെ വിശ്വസിച്ചു ഇടുന്ന കാശ് അയ്യപ്പനെതിരേ വാദിക്കാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏതെങ്കിലും തീവ്ര വിശ്വാസികള്‍ ഇതിനെ എതിര്‍ത്താല്‍ അത് തടയില്ല. 13ാം തിയ്യതിക്ക് ശേഷം ദേവസ്വം ബോര്‍ഡ് ശബരിമലയിലെ കാശെടുത്ത് അയ്യപ്പനെതിരെ വാദിക്കുകയാണെങ്കില്‍ ഞാനടക്കമുള്ള ഭക്തര്‍ തീവ്ര പ്രതിഷേധത്തിലേയ്ക്ക് പോകും. തിരിച്ചടികള്‍ ഉണ്ടാകും. ഒരു സംശയവും വേണ്ട’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘1248 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. ഭക്തര്‍ ഹുണ്ടികയില്‍ കാശ് ഇട്ടില്ലെങ്കില്‍ ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ല. കോടിക്കണക്കിനു ഭക്തര്‍ വരുന്നതു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഭക്തരോട് ശബരിമലയില്‍ പണം ഇടരുതെന്ന് കാംമ്പയിന്‍ ചെയ്യുമെന്നും’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘ശബരിമല എല്ലാ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ്. ഇസ്‌ലാമിക ബിംബമായിരുന്ന വാവര്‍ക്ക് അവിടെ പ്രതിഷ്ഠയുണ്ട്. വാവര്‍ സ്വാമിയെ വര്‍ഗീയ കണ്ണിലൂടെ നോക്കുന്നത് അപലപനീയമാണെ്. മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവും ഉള്ള ആളുകളാണ് ശബരിമലക്കെതിരെ പ്രചരണം നടത്തുന്നത്.

ഇവരില്‍ ചില ആളുകളാണ് അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് ശിവ ക്ഷേത്രം വേണമെന്നു പറഞ്ഞത്. ഇത് അപരമത വിദ്വേഷമാണ്. യുവതീ പ്രവേശനം വേണ്ട എന്ന് പറഞ്ഞ് ഞാന്‍ അടക്കമുള്ളവര്‍ പോരാടുമ്പോള്‍ അതിനെ പിന്തുണക്കാതെ ശബരിമല ഹിന്ദു ക്ഷേത്രമാണെന് പറയുന്നവര്‍ക്ക് മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവുമാണെന്നും രാഹുല്‍ പറഞ്ഞു.