വിമാനത്തില്‍ യാത്രക്കാരിയുടെ വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

single-img
10 November 2018

കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ നിന്നുള്ള ഫ്‌ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം എയര്‍ഹോസ്റ്റസായ പട്രീഷ കേള്‍ക്കുന്നത്. ഉടന്‍ തന്നെ കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു അമ്മ.

ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ എയര്‍ഹോസ്റ്റസായ പട്രീഷ ഓഗനോയുടെ ഈ നല്ല മനസിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്.

പട്രീഷ തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ഇതിനോടകം തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.