നെഹ്‍റു ട്രോഫി വള്ളംകളി: പായിപ്പാട് ചുണ്ടന്‍ ജേതാവ്

single-img
10 November 2018

നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്. നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. ഹീറ്റ്സ് മത്സരത്തിലും മികച്ച സമയം കുറിച്ച ചുണ്ടനാണ് പായിപ്പാടന്‍ ചുണ്ടന്‍. ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍ ജലരാജാവായത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം.

യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജലമേള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥികള്‍. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.

കുട്ടനാട്ടുകാരുടെ ആവേശക്കുതിപ്പ് പ്രളയം കൊണ്ടുപോയിട്ടില്ലെന്ന് തെളിയിച്ച മത്സരമായിരുന്നു നടന്നത്. രാവിലെ ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ ആരംഭിച്ചു. എല്ലാവര്‍ഷവും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

പുന്നമടയെ 15 മേഖലകളാക്കി തിരിച്ച് 15 ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കിയായിരുന്നു സുരക്ഷ. എല്ലാ പവലിയനും സിസിടിവി നിരീക്ഷണത്തിലാണ്. ചരിത്രത്തിലാധ്യമായി മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകളും കുട്ടികളും എന്നിങ്ങനെ പ്രത്യേക ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇത്തവണ ഏർപ്പെടുത്തി.