’35 രൂപയ്ക്ക് പണിയെടുത്ത് ലോകകപ്പ് കിരീടം വരെയെത്തിയ ജീവിതം’; ഒടുവില്‍ മുനാഫ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
10 November 2018

നീണ്ട 15 വര്‍ഷത്തെ കരിയറിന് ശേഷം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുനാഫ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഫസ്റ്റ് ക്ലാസ് അടക്കം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് 35കാരനായ താരം വിരമിച്ചത്. മികച്ച പേസും ബൗണ്‍സും കൈമുതലായ താരം ഇന്ത്യക്ക് വേണ്ടി 13 ടെസ്റ്റുകളും 70 ഏകദിനങ്ങളും കളിച്ചിരുന്നു.

മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ മഗ്രാത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 2011 ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തിയിരുന്നു. എന്നാല്‍ നിരന്തരം പരിക്ക് വേട്ടയാടിയിരുന്നതിനാല്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. ഒരു കാലത്ത് വിദേശ പിച്ചുകളിലടക്കം തീതുപ്പിയ ബൗളറായിരുന്നു.

അവസരം കാത്ത് കിടക്കുന്ന യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്നും ഇനിയും ടീമില്‍ കടിച്ചു തൂങ്ങിയിട്ട് കാര്യമില്ലെന്നും മുനാഫ് പ്രതികരിച്ചു. എന്റെ കൂടെ ഇന്ത്യന്‍ ടീമില്‍ കളിച്ചവരില്‍ ധോണിയൊഴികെ എല്ലാവരും വിരമിച്ചു പോയി. അതുകൊണ്ട് വിരമിക്കല്‍ തീരുമാനം തെറ്റാണെന്ന് തോന്നുന്നില്ലെന്നും മുനാഫ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച പേസറായിരുന്ന മുനാഫ് ഗുജറാത്തിലെ ദരിദ്ര ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്തുന്നത്. ക്രിക്കറ്റര്‍ ആയില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു. എന്റെ ഗ്രാമത്തിലുളള സുഹൃത്തുക്കളെ പോലെ ആഫ്രിക്കയില്‍ നിത്യജീവിതത്തിനായി മല്ലിടുന്ന ഒരു തൊഴിലാളി ആകുമായിരുന്നു.

ഗുജറാത്തിലെ പിന്നാക്കഗ്രാമത്തില്‍ നിന്നാണ് എന്റെ വരവ്. ടൈല്‍ കഴുകയും പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിട്ടില്ല. ദിവസം 35 രൂപയായിരുന്നു എനിക്ക് കൂലിയായി കിട്ടിയിരുന്നത്.

അത് ഒന്നിനും തികയുമായിരുന്നില്ല. കഷ്ടപ്പെട്ടാണ് പഠിച്ചത്. നരകതുല്യമായ ജീവിതമായിരുന്നു എന്റെ മാതാപിതാക്കളുടെ, ആ കുറവുകള്‍ ഞാന്‍ അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എങ്കിലും കുറെയധികം ബുദ്ധിമുട്ടി. ക്രിക്കറ്റാണ് എല്ലാം തന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ എല്ലാവരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും താന്‍ അപരിഷ്‌കൃതമായ ഒരു ഗ്രാമത്തില്‍ നിന്ന് വന്നുകൊണ്ടാകാം അതെന്നും താരം പറയുന്നു.

2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് മുനാഫ് ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അരങ്ങേറ്റം. മൂന്ന് വര്‍ഷം മാത്രമാണ് ടെസ്റ്റ് ടീമില്‍ കളിച്ചതെങ്കിലും 2011 വരെ ഏകദിനത്തില്‍ മുനാഫിന്റെ റോള്‍ നിര്‍ണായകമായിരുന്നു. 2011 സെപ്റ്റംബറിന് ശേഷം താരം ഏകദിനം കളിച്ചിട്ടില്ല. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.