തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെ; ശമ്പളം വെട്ടിക്കുറച്ചതിനാലാണ് ഫാക്ടറി കത്തിച്ചതെന്ന് പ്രതികളുടെ മൊഴി

single-img
10 November 2018

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

വിമലാണ് ഫാക്ടറിക്ക് തീയിട്ടതെന്നും ബിനു സഹായം നല്‍കിയെന്നും പോലീസ് പറഞ്ഞു. ഇവരുടെ ശമ്പളം മാനേജ്‌മെന്റ് അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് സ്റ്റോര്‍ റൂമില്‍ കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് തീയിടാന്‍ കാരണം.

ഇത്ര വലിയൊരു തീപിടുത്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും മനേജ്‌മെന്റിന് ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ഇവരുടെ മൊഴി. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ വാങ്ങിയ കട അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തീപിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞ് ഇവര്‍ മൂന്നാം നിലയിലെ സ്റ്റോറിലേക്കു കയറുന്ന സിസി ടിവി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തത്.

തീപിടിത്തം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ഇവര്‍ ആദ്യം തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നു

ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുന്‍പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.

തുടരെയുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇതോടെയാണ് പൊലീസിനുണ്ടായത്. തീപിടിത്തവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ചു സൈബര്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു.

വിമലിന്റെയും ബിനുവിന്റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. സിസിടിവി പരിശോധനയില്‍ ഇവരെ കണ്ടതോടെയാണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്.

തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫയര്‍ഫോഴ്‌സും വെളിപ്പെടുത്തിയിരുന്നു. തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കിയിരുന്നു.