സിപിഎമ്മിന് ഒരു സീറ്റുപോലും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

single-img
10 November 2018

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തു പ്രത്യാഘാതം ഉണ്ടായാലും യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കും. ശബരിമല വച്ചുകൊണ്ടുള്ള ആര്‍എസ്എസ് നീക്കങ്ങള്‍ കേരളത്തില്‍ ചലനമുണ്ടാക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004–ലെ ഫലം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, മന്ത്രി കെ ടി ജലീലിനെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. മന്ത്രി കെ ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു. രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരുവര്‍ഷത്തേക്കുള്ള നിയമനം മാത്രമാണ്. സ്ഥിരം നിയമനമല്ല. അതില്‍ മറ്റ് അപാകമൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.