കോട്ടയത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് ഭാര്യ വീടുവിട്ടു; ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഒരാഴ്ച കഴിഞ്ഞതും ഭാര്യ കാമുകനെ വിവാഹം ചെയ്തു

single-img
10 November 2018

കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖ് (32) തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സി(20) കാമുകനെ വിവാഹം കഴിച്ചത്. മണിമല പഴയിടം പുലയാര്‍കുന്നേല്‍ അജയകുമാറിനെയാണ് (26) തന്‍സി വിവാഹം കഴിച്ചത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒന്നരവര്‍ഷം മുമ്പാണ് തന്‍സിയും സാദിഖും വിവാഹിതരായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 30ന് സാദിഖിനോട് പിണങ്ങി തന്‍സി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ചശേഷമാണ് തന്‍സി വീടുവിട്ടത്.

പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്നാണ് സാദിഖ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ ഒന്നിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സാദിഖിന്റെ മൃതദേഹം സംസ്‌കരിച്ചു.

എന്നിട്ടും തന്‍സി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അജയകുമാറും തന്‍സിയും പ്രണയത്തിലാണെന്ന് അറിയാന്‍ കഴിഞ്ഞു.

ഇരുവരും വെള്ളിയാഴ്ച ചേര്‍ത്തലയിലുള്ളതായി അറിഞ്ഞ പോലീസ് ചേര്‍ത്തല പോലീസിനെ വിവരം അറിയിച്ചു. ചേര്‍ത്തല പോലീസ് എത്തിയപ്പോഴേക്കും തന്‍സിയും അജയകുമാറും തമ്മിലുള്ള വിവാഹം ചേര്‍ത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ നടന്നുകഴിഞ്ഞിരുന്നു.

ഇരുവരെയും കസ്റ്റഡിയിലെടുത്ത ചേര്‍ത്തല പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറി. ആശുപത്രിയില്‍ തന്‍സി ബന്ധുവിന് കൂട്ടിരിക്കുമ്പോഴാണ് മറ്റൊരു രോഗിയോടൊപ്പമെത്തിയ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.