ഒമ്പത് ദിവസത്തിനുള്ളില്‍ അസമിലെ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 16 കുഞ്ഞുങ്ങള്‍

single-img
10 November 2018

അസാമില്‍ ജോര്‍ഹത്ത് മെഡിക്കല്‍ കോളേജില്‍ ഒമ്പത് ദിവസത്തിനിടെ 16 നവജാതശിശുക്കള്‍ മരിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കാലയളവിലാണ് മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. വളരെ കുറഞ്ഞ ശശീരഭാരവുമായി പിറന്നു വീണ ശിശുക്കളാണ് മരിച്ചവരില്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ച കുഞ്ഞുങ്ങള്‍. സംഭവത്തില്‍ ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യൂണിസെഫ് അംഗത്തെ കൂടെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.

‘ചില സമയത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്നവരുടെ എണ്ണം കുത്തനെ ഉയരാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കും. അത് രോഗികള്‍ ഏത് അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത് എന്നതിനെ അനുസരിച്ച് ഇരിക്കും.

പൂര്‍ണ വളര്‍ച്ചയെത്താത്തതും തൂക്കം കുറഞ്ഞും ജനിക്കുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്’ ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. ജോര്‍ഹട്ടിലെ ഈ ആശുപത്രി മെഡിക്കല്‍ കോളേജ് പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം രോഗികളെ ഇവിടെ ചികില്‍സിച്ചിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.