പ്രതിഷേധം കനത്തതോടെ ‘സര്‍ക്കാര്‍’ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി

single-img
9 November 2018

രാഷ്ട്രീയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം ‘സര്‍ക്കാരിലെ’ വിവാദ രംഗങ്ങള്‍ നീക്കി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ വിജയ് ചിത്രമായ ‘സര്‍ക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടര്‍ന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കാന്‍ തീരുമാനമായത്. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു സംവിധായകന്‍ കോടതിയെ സമീപിക്കുകയും ചെയ്തു

അതേസമയം ‘സര്‍ക്കാരി’ന് പിന്തുണയുമായി തമിഴ് സിനിമാലോകം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ലെന്നും ഇത്തരം നടപടികളെടുക്കുന്ന അധികാരികള്‍ വൈകാതെ താഴെ വീഴുമെന്നുമാണ് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും ഇത് ചിത്രത്തെയും അതിന്റെ നിര്‍മ്മാതാക്കളെയും അപമാനിക്കുന്നതാണെന്നുമാണ് രജനീകാന്തിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡ് കണ്ട് ബോധ്യപ്പെട്ട് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധിക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു നടന്‍ വിശാലിന്റെ ട്വീറ്റ്. സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകത്ത് നിന്ന് കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഇനിയും എത്തുമെന്ന് തന്നെയാണ് സൂചന. സമൂഹമാധ്യമങ്ങളിലും ചിത്രത്തിന് വേണ്ടി വ്യാപകമായ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. പീപ്പിള്‍ഫേവ് സര്‍ക്കാര്‍ എന്ന ഹാഷ്ടാഗിലാണ് ക്യാംപയിന്‍.