കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക്; പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 550 പേര്‍

single-img
9 November 2018

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി നിലനില്‍ക്കെ ദര്‍ശനത്തിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യുവതികളെ എങ്ങനെ ശബരിമലയില്‍ എത്തിക്കുമെന്ന ചോദ്യം പൊലീസിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. മറ്റൊരു സമര മുഖത്തിന് സമാനമല്ല ശബരിമലയിലെ പ്രതിഷേധമെന്ന് ഇതിനോടകം തന്നെ സര്‍ക്കാരിന് മനസിലായിട്ടുണ്ട്. പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചുകൊണ്ട് പെട്ടെന്നുള്ള യാതൊരുവിധ പൊലീസ് നടപടിയും സന്നിധാനത്ത് സാധ്യമല്ല.

ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്.

ഇതിനിടെ ദേവസ്വം ബോര്ഡ്് പ്രസിഡന്റ് എ. പത്മകുമാര്‍ എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് ചൊവ്വാഴ്ച വരാനിരിക്കെ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായകയോഗം തിരുവനന്തപുരത്ത് ചേരും.

ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. അഭിഷേക് സിങ്‌വിയെ മാറ്റിയാണ് ആര്യാമ സുന്ദരത്തെ ഹാജരാക്കുന്നത്. പ്രളയശേഷം പമ്പയുടെ നവീകരണം സാധ്യമാകാത്തിനാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.