‘ബുംറ തയ്യാറാണെങ്കില്‍ ഞാന്‍ കളിപ്പിക്കും’; കോഹ്‌ലിയെ എതിര്‍ത്ത് രോഹിത് ശര്‍മ്മ

single-img
9 November 2018

ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശം തള്ളി ഉപനായകന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു നായകനെ തള്ളി രോഹിത് രംഗത്തെത്തിയതെന്നാണു റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിലെ പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം. ഇതിനു ടീമുകള്‍ക്കുണ്ടാകുന്ന നഷ്ടം ബിസിസിഐ നികത്തണമെന്നും കോഹ്ലി ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ രോഹിത്, ബുംറ കളിക്കാന്‍ സജ്ജനാണെങ്കില്‍ വിശ്രമം അനുവദിക്കില്ല എന്നു വ്യക്തമാക്കി. ഐപിഎലില്‍ ബുംറ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത്.

അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രില്‍ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ഐ.പി.എല്‍ നീണ്ടു നില്‍ക്കും. അങ്ങനെയെങ്കില്‍ ഐ.പി.എല്ലിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് തുടങ്ങുക. ഈ സാഹചര്യത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരിക്കേല്‍ക്കാതിരിക്കാനുമാണ് കോലി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

തുടര്‍ന്ന് കോലിയുടെ ഈ നിര്‍ദേശം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മുന്നില്‍ വെയ്ക്കുകയായിരുന്നു. ഇടക്കാല ഭരണസമിതി ചെയര്‍മാനായ വിനോദ് റായിയാണ് രോഹിതിനോട് അഭിപ്രായം ചോദിച്ചത്. എന്നാല്‍ കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്താണ് രോഹിത് ശര്‍മ്മ സംസാരിച്ചത്.

ഐ.പി.എല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ രണ്ട് മാസത്തോളം താരങ്ങള്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥ വരുമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ട്. ഇടക്കാല ഭരണസമിതി അംഗങ്ങള്‍, ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്, പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.