സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും ബിജെപി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു: രഥയാത്രക്ക് നേരെ കല്ലേറെന്ന പ്രചരണം കെട്ടുകഥ

single-img
9 November 2018

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്ന് ശ്രീധരന്‍പിള്ള ഹര്‍ജിയില്‍ പറയുന്നു. കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോഴിക്കോട്ട് യുവമോര്‍ച്ചാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം, സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്നും പി.എസ്.ശ്രീധരന്‍ പിള്ള പയ്യന്നൂരില്‍ നിന്നും തലശേരിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടതിനാല്‍ കേസെടുത്തില്ല.

എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തത് വിചിത്രമാണ്. ഭരണത്തിലെ നിയമവാഴ്ച എങ്ങോട്ടാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, എന്‍ഡിഎയുടെ രഥയാത്രക്ക് നേരെ കാലിക്കടവില്‍ കല്ലേറുണ്ടായെന്ന പ്രചരണം കെട്ടുകഥ മാത്രമാണെന്ന് സിപിഎം. ഇത്തരം പ്രചരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രമെന്നാണ് സിപിഎം വിശദീകരണം. കാസര്‍ഗോഡ് മധൂരില്‍ ഉദ്ഘാടന പരിപാടിയില്‍ തന്നെ ജനപങ്കാളിത്തം കുറഞ്ഞത് എന്‍ഡിഎ നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്.

കാഞ്ഞങ്ങാടും നീലേശ്വരത്തും നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് രഥയാത്രയില്‍ പങ്കെടുത്തത്. ഇതോടെ ഇന്നത്തെ സ്വീകരണങ്ങളില്‍ ആളെ കൂട്ടാന്‍ പിലിക്കോട് കാലിക്കടവില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലറിഞ്ഞു എന്ന കെട്ടുകഥ മെനഞ്ഞ് പ്രചരണവുമായി രംഗത്തുവരുകയുമായിരുന്നുവെന്ന് സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.