റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതി മൂര്‍ത്തി ബിജുവിനെ പിടികൂടാതെ പോലീസിന്റെ ‘ഒളിച്ചുകളി’

single-img
9 November 2018

വയനാട്: പാക്കം റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മൂര്‍ത്തി ബിജുവിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. പോലീസുകാര്‍ തന്നെ പ്രതിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മൂര്‍ത്തി ബിജു ഉള്‍പ്പെട്ട പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ചത്. കേസില്‍ മീനങ്ങാടി പോലീസ് ബിജുവിന്റെ കൂട്ടു പ്രതികളായ ഒമേഗ സാബു, രതീഷ്, എന്നിവര്‍ ഉള്‍പ്പടെ ആറ് പേരെ പിടികൂടിയിരുന്നു.

ബിജു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം സംഭവം അറിയിക്കാനെത്തിയ ആളുകളെ ബിജു അടക്കമുള്ള ക്വട്ടേഷന്‍ സംഘം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും പോലീസ് ഇയാളെ പിടികൂടിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

25 ഓളം കേസ്സുകളില്‍ പ്രതിയായ ബിജുവും സംഘവും മുമ്പും സ്പിരിറ്റ് കടത്ത്, വധശ്രമകേസ്സുകളില്‍ പ്രതിയായിട്ടുണ്ട്. മുമ്പ് ഒരാളുടെ വീട് കത്തിച്ചതുമായ് ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴി ബിജു കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചിട്ടുമുണ്ട്.

അതേസമയം, അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ റിസോര്‍ട്ട് ഉടമയെ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.