മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം കുടിച്ച് വീഡിയോ; മോഹനന്‍ വൈദ്യര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു

single-img
9 November 2018

ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ചുള്ള മോഹനന്‍ വൈദ്യരുടെ പുതിയ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാള്‍ ആരോഗ്യ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുക്കുന്നു എങ്കില്‍ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന് ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍ ജിനേഷ് പിഎസ് പറയുന്നു.

കദളിപ്പഴം കഴിച്ചാല്‍ കാന്‍സര്‍ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോര്‍ പരിശോധിപ്പിക്കേണ്ടതുണ്ടെന്ന് ജിനേഷ് പറയുന്നു. അമൃത വിദ്യാലയത്തിലെ അധ്യാപകരോട് ഒരഭ്യര്‍ത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയില്‍ ചാണകം നിറയ്ക്കാന്‍ കൂട്ടുനില്‍ക്കരുത്. പേരിനെങ്കിലും സയന്‍സ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലേ ? എന്നും ജിനേഷ് ചോദിക്കുന്നുണ്ട്.

നേരത്തെ, നിപ്പ വൈറസിനെ വെല്ലുവിളിച്ച് പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് മോഹനന്‍ വൈദ്യര്‍ രംഗത്തുവന്നിരുന്നു. വിവാദമായതോടെ മാപ്പുപറയുകയും ചെയ്തിരുന്നു.

ഡോക്ടര്‍ ജിനേഷ് പിഎസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അറിയാന്‍,

ഹെപ്പറ്റൈറ്റിസ്ബി പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യില്‍ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവില്‍ പറ്റിക്കുന്നു… മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്.

വളരെ മാരകമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്ബി. സിറോസിസും Hepatocellular carcinoma-bpw ഉണ്ടാവാന്‍ വളരെയധികം സാധ്യതയുണ്ട്. അതായത് സങ്കീര്‍ണതകള്‍ മൂലം മരണമടയാന്‍ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാല്‍ രോഗം പകരാന്‍ വളരെയധികം സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്. അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തില്‍ കയറ്റണമെങ്കില്‍ ഒന്നുകില്‍ അയാള്‍ കൃത്യമായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്ബി വാക്‌സിന്‍. അതല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം.

അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല.

പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാള്‍ ആരോഗ്യ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുക്കുന്നു എങ്കില്‍ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല. കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങള്‍, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസില്‍.

ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളര്‍ത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവന്‍ പാട്ട് ആന്റിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാല്‍ കാന്‍സര്‍ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോര്‍ പരിശോധിപ്പിക്കേണ്ടതുണ്ട്.

ആ അധ്യാപകരോട് ഒരഭ്യര്‍ത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയില്‍ ചാണകം നിറയ്ക്കാന്‍ കൂട്ടുനില്‍ക്കരുത്. പേരിനെങ്കിലും സയന്‍സ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലേ ?. ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

https://www.facebook.com/mvaidyar/videos/1674106109361292/