ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ ഇനി മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം

single-img
9 November 2018

ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍. വാട്‌സാപ്പിന് സമാനമായി ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പത്ത് മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

മെസഞ്ചര്‍ ആപ്പിന്റേതായി പുറത്തിറങ്ങിയ റിലീസ് നോട്ടിലാണ് ‘അണ്‍ സെന്റ്’ ഓപ്ഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. നേരത്തെ ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭ്യമായിരുന്ന സേവനം, ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

അബദ്ധത്തില്‍ അയച്ച വിവരങ്ങളോ, ചിത്ര സന്ദേശങ്ങളോ പത്ത് മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്യാം എന്നാണ് നോട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് എന്ന് മുതല്‍ ലഭ്യമായി തുടങ്ങും എന്നതിനെ പറ്റി കൃത്യമായ വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സി.ഇ.ഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച പഴയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതില്‍ നേരത്തേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഓപ്ഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.