കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി; വിധി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എം.വി.നികേഷ് കുമാറിന്റെ ഹര്‍ജിയില്‍; വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്

single-img
9 November 2018

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മല്‍സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം തന്നെ എം.എല്‍.എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി. ഹീനമായ മാര്‍ഗത്തിലൂടെ എം.എല്‍.എയായ കെ. എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു.