‘അള്ളാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

single-img
9 November 2018

മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

ആറ് വര്‍ഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് നടത്തിപ്പിന് ചിലവ് വന്ന 50,000 രൂപ ഷാജി ഹര്‍ജിക്കാരന് നല്‍കണം. എന്നാല്‍ തന്റെ പരാതി ശരിയാണെന്ന് ബോധ്യമായ സ്ഥിതിക്ക് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ഷാജി. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു.

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്.

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഅ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനിങ്ങളും അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്.

‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പുറത്തിറക്കിയതായി അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പോസ്റ്ററുകളാണ് ഹസീബ് കല്ലൂരിക്കാരന്‍ എന്ന യുവാവ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ പുറത്ത് വന്നത്.

അതേസമയം തന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി പറഞ്ഞു. സുപ്രീം കോടതിയില്‍ പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കും. വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചു എന്ന കോടതി വിധി ഒരു മതേതരവാദി എന്ന നിലയില്‍ ഏറെ അപമാനകരമാണ്.

തന്റെ മതേതര നിലപാട് താന്‍ എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍. ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നത് എന്ന് മനസ്സിലായിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. തന്നെ നേരിടാന്‍ കുറച്ചുകൂടി നല്ല മാര്‍ഗം സ്വീകരിക്കാമായിരുന്നു.

ഇത്തരത്തില്‍ ഒരു നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് തനിക്കില്ല. അഴിമതി കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഈ നോട്ടീസ് തിരുകി കയറ്റി കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. മണ്ഡലത്തിലെ ഒരു വ്യക്തി പോലും ആ നോട്ടീസ് കണ്ടിട്ടില്ല. കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.