ഗോവ ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി; കളം പിടിക്കാന്‍ കോണ്‍ഗ്രസും

single-img
9 November 2018

മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അനാരോഗ്യം വലയ്ക്കുന്നതിനിടെ ഗോവ ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പരസ്യമായി രംഗത്തെത്തി.

കാര്യശേഷിയില്ലാത്ത അധ്യക്ഷനെ മാറ്റണമെന്ന ആവശ്യമാണ് പര്‍സേക്കര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സ്വയം ഒഴിയാന്‍ വിനയ് തെണ്ടുല്‍ക്കര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്നും പര്‍സേക്കര്‍ വ്യക്തമാക്കി.

മുന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പര്‍സേക്കറുടെ പ്രതികരണം. അനാരോഗ്യം പറഞ്ഞ് ഒഴിവാക്കിയതില്‍ ഗോവ ബിജെപിയിലെ ന്യൂനപക്ഷ മുഖമായിരുന്ന ഡിസൂസ നേതൃത്വത്തോട് നീരസത്തിലാണ്.

സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നീങ്ങുന്നതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിശ്വജിത് റാണെയുടെ നേതൃത്വത്തില്‍ രാജിവെപ്പിച്ച് ബിജെപി പാളയത്തിലെത്തിച്ചിരുന്നു. ഇവരില്‍ ദയാനന്ദ് സോപ്റ്റയെ മാണ്ഡരിം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി നീക്കമാണ് പര്‍സേക്കറുടെ നേതൃത്വത്തിലുള്ളവരുടെ കലാപത്തിന് പിന്നിലെന്നാണ് സൂചന.

അതിനിടെ, തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം സ്വന്തമാക്കാനാകാത്ത കോണ്‍ഗ്രസും അവസരം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയിലെ പുതിയ സംഭവ വികാസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യസ്ഥിതി മോശമായി തുടരുന്ന മനോഹര്‍ പരിക്കറുടെ അഭാവവും ബിജെപിയെ വലയ്ക്കുന്നുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന പര്‍സേക്കറുമായി കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച നടത്തിയതും ബിജെപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്. പര്‍സേക്കറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കര്‍. ഫ്രാന്‍സിസ് ഡിസൂസ്‌ക്കും പര്‍സേക്കറിനും മന്ത്രി സ്ഥാനമടക്കം വാഗ്ദാനം ചെയ്തതായും അഭ്യൂഹങ്ങളുണ്ട്. എന്തായാലും ഗോവയിലെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.