പുതിയ ഇലക്ട്രിക് ഓട്ടോയുമായി വീണ്ടും മഹീന്ദ്ര

single-img
9 November 2018

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ നവംബര്‍ 15ന് പുറത്തിറങ്ങും. ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ ട്രിയോ ആണ് വിപണിയിലെത്തുന്നത്.

ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് പതിപ്പുകളിലായാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുകയെന്ന് കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ ആല്‍ഫ കമ്പനി ഇപ്പോഴും വില്‍ക്കുന്നുണ്ട്. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.

റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. 120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് ഇആല്‍ഫ നല്‍കിയിരുന്നത്. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററുമായിരുന്നു. ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം.