കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍?; വിമര്‍ശനവുമായി പി.എസ് ശ്രീധരന്‍ പിള്ള: വത്സന്‍ തില്ലങ്കേരിയെ ഭജനമിരുത്തി പ്രായശ്ചിത്തം ചെയ്യിക്കുമെന്ന് കെ.സുരേന്ദ്രന്‍

single-img
8 November 2018

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മയുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറുമെന്നും ശ്രീധരന്‍ പിള്ള കാസര്‍ഗോഡ് പറഞ്ഞു. ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ലാ മതവിശ്വാസികളും ഒപ്പമുണ്ടെന്നും പി.എസ്.ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് ഹൈക്കോടിതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത് ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ്. കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല.

അതിനാല്‍ തന്നെ അതിന്റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

തന്റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. എറണാകുളത്ത് സിപിഎം പ്രവര്‍ത്തകനും കോഴിക്കോട് വീക്ഷണം റിപ്പോര്‍ട്ടറുമാണ് തനിക്കെതിരെ കേസ് കൊടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണ്. സിപിഎം ആര്‍ക്കെങ്കിലും മാപ്പെഴുതി തന്നിട്ടുണ്ടെങ്കില്‍ അത് എനിക്ക് മാത്രമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

എനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ താന്‍ വെറുതേയിരിക്കില്ലെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും. യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തെ മുന്‍നിര്‍ത്തി എന്‍ഡിഎ നടത്തുന്ന രഥയാത്ര കാസര്‍കോട് ജില്ലയിലെ മധൂരില്‍ സിദ്ധിവിനായ ക്ഷേത്ര പരിസരത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. പി.എസ്.ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളിയും നയിക്കുന്ന രഥയാത്ര 13 ന് സമാപിക്കും.

അതേസമയം വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂ.

എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണെന്നും തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ തന്റെ ഭാഗത്തു നിന്നും ആചാര ലംഘനമുണ്ടായതായി വത്സന്‍ തില്ലങ്കേരി സമ്മതിച്ചിരുന്നു.

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത് അറിവില്ലായ്മ കാരണമാണെന്നും ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിഹാരക്രീയകള്‍ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.