സൗദിയില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ക്ക് വാള്‍ത്തലപ്പില്‍ നിന്നും മോചനം

single-img
8 November 2018

സൗദിയില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ക്ക് മോചനം. കൊല്ലപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ നല്‍കിയ മാപ്പിനെ തുടര്‍ന്നാണ് രണ്ടു കൊലപാതകികള്‍ക്ക് മോചനം സാധ്യമായത്. സൗദിയിലെ ജിസാനിലും അസീറിലുമാണ് വ്യത്യസ്ത സംഭവങ്ങള്‍ അരങ്ങേറിയത്.

ജിസാന്‍ ഗവര്‍ണറും പ്രവിശ്യാ അനുരഞ്ജന കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരനും അസീര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരനും നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് പ്രതിക്ക് മാപ്പ് നല്‍കുന്നതിന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സന്നദ്ധരായത്.

ജിസാനില്‍ സൗദി സ്വദേശി പൗരന്‍ മിസ്അബ് ബിന്‍ മുഹമ്മദ് ഹാദി മഹ്‌റസിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന സൗദി പൗരന്‍ കൂടിയായ അബ്ദുല്‍ അസീസ് ബിന്‍ ഹാദി മഹ്‌റസിക്കാണ് മിസ്അബിന്റെ കുടുംബം മാപ്പ് നല്‍കിയത്.

കുറ്റം നിരുപാധികം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് അനുരഞ്ജന സമിതി വധശിക്ഷ ഒഴിവാക്കാനായുള്ള ശ്രമം ആരംഭിച്ചത്. ഒടുവില്‍ മിസ്അബ് മഹ്‌റസിയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം ജിസാന്‍ ഗവര്‍ണറെയും ഡെപ്യൂട്ടി ഗവര്‍ണറെയും സന്ദര്‍ശിച്ച് പ്രതിക്ക് മാപ്പ് നല്‍കുന്നതിനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍, അസീറില്‍ അസീര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വിജയം കണ്ടത്. കൊലക്കേസ് പ്രതിയായ സൗദി യുവാവ് മുദാവി മൂസ ആലു ഖുസൈം കൊലപ്പെടുത്തിയ അഹ്മദ് മുഹമ്മദ് അല്‍ഖുസൈമിയുടെ തിഹാമ ഖഹ്താനിലെ വാദി അല്‍ഹയാത്തിലെ വീട്ടില്‍ നേരിട്ടെത്തി കുടുംബാംഗങ്ങളുമായി തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും ജീവിതം തിരിച്ചു കിട്ടിയത്.