ഇന്ധനവില വര്‍ധനയും, നാണയപ്പെരുപ്പവുമെല്ലാം നോട്ടു നിരോധനത്തിന്റെ പരിണിത ഫലമാണെന്ന് മന്‍മോഹന്‍ സിംഗ്; നോട്ട് കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

single-img
8 November 2018

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനം രാജ്യത്തിന് വലിയൊരു വിപത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ മുറിവുകളും പേടിയും ഇപ്പോളും നിലനില്‍ക്കുകയാണ്.

ഇത് മായിച്ചെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ചില സാമ്പത്തിക നയങ്ങള്‍ കൊണ്ടുണ്ടായ ദുരിതങ്ങള്‍ ദീര്‍ഘകാലത്തേക്ക് രാജ്യത്തെ പിന്നോട്ടടിച്ചേക്കാം. ഇക്കാര്യത്തില്‍ സാമ്പത്തിക നയങ്ങള്‍ മനസിലാക്കി ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് മനസിലാക്കിത്തരുന്ന ഒരു ദിവസമാണ് ഇന്നെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ദൃഢതയും തിരിച്ചറിവും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. ഇന്ധനവില വര്‍ധനയും, നാണയപ്പെരുപ്പവുമെല്ലാം നോട്ടു നിരോധനത്തിന്റെ പരിണിത ഫലമാണ്. യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

അതേസമയം, നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

‘നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമര്‍ശനമായി എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടല്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടക്കാന്‍ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍.’ ജെയ്റ്റ്‌ലി പറഞ്ഞു.