പി.കെ ശശിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വീണ്ടും നല്‍കിയ പരാതിയും എംഎല്‍എയുടെ ഓഡിയോയും പുറത്ത്

single-img
8 November 2018

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിത നേതാവ്. ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അവര്‍ വീണ്ടും പരാതി നല്‍കി. തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ശശിയുടെ ഫോണ്‍സംഭാഷണം അടക്കമാണ് പുതിയ പരാതിയായി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പാര്‍ട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നില്‍. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകള്‍ പോസ്റ്ററുകളായി ജില്ലയില്‍ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ സംശയാസ്പദമാണെന്ന് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.

സീതാറാം യെച്ചൂരിക്ക് രണ്ടാമത് വീണ്ടും അയച്ച കത്തിന്റെ പൂര്‍ണരൂപം:

സഖാവേ,

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊറണൂര്‍ എംഎല്‍എയുമായ പി.കെ.ശശിയ്‌ക്കെതിരെ ഞാന്‍ കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങള്‍ക്ക് ലൈംഗികപീഡനപരാതി നല്‍കിയത് കഴിഞ്ഞ ആഗസ്തിലാണ്. ആ പരാതിയിന്‍മേല്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് കാട്ടി ഞാന്‍ വീണ്ടും അങ്ങേയ്ക്ക് കത്ത് നല്‍കിയിരുന്നു. താങ്കളുടെ ഇടപെടല്‍ കൊണ്ടാണ്, അങ്ങനെയൊരു പരാതിയുണ്ടെന്ന് സംസ്ഥാന നേതൃത്വം തുറന്നുസമ്മതിച്ചതും, അന്വേഷിയ്ക്കാന്‍ രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കമ്മീഷനെ നിയോഗിച്ചതും.

ഈ പരാതിയുമായി ബന്ധപ്പെട്ട് എന്നില്‍ നിന്നും, മറ്റുള്ളവരില്‍ നിന്നും അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍ മൊഴിയെടുത്തിട്ടും, ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, ഈയടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍, ഈ അന്വേഷണത്തിന്റെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിയ്ക്കുന്നതും, പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിയ്ക്കുന്നതുമാണ്.

അന്വേഷണകമ്മീഷന്‍ എന്നില്‍ നിന്ന് മൊഴിയെടുത്തിട്ടും ചില മുതിര്‍ന്ന നേതാക്കള്‍ എന്നോട് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തി. കെജിഒഎ സെക്രട്ടറി നാസറുള്‍പ്പടെയാണ് എന്നോട് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത്. അങ്ങനെ ചെയ്താല്‍ അതിനുള്ള ഗുണഫലങ്ങളുണ്ടാകുമെന്നാണ് അവരെന്നോട് പറഞ്ഞത്.

ഈ പരാതി കിട്ടിയെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ച ദിവസം തന്നെ, പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. അതിന് അധ്യക്ഷത വഹിച്ചത് സഖാവ് ശശി തന്നെയാണ്. സെപ്റ്റംബര്‍ 7ന് ചെര്‍പ്പുളശ്ശേരി ടൗണില്‍ പി.കെ.ശശിയ്ക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പൂമാലകളുമായാണ് ശശിയെ സ്വീകരിച്ചത്.

മാത്രമല്ല, അന്നേ ദിവസം അന്വേഷണകമ്മീഷന്‍ അംഗമായ എ.കെ.ബാലന്‍ സ്വന്തം വീട്ടില്‍ വച്ച് പി.കെ.ശശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്താറിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നത് എന്റെ സംശയും കൂട്ടുകയാണ്. രണ്ടരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

പാലക്കാട്ടെ സ്വീകരണത്തിന് മുന്നോടിയായി വഴി നീളെ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പി.കെ.ശശിയുടെ ചിത്രങ്ങളായിരുന്നു. അതില്‍ ഒപ്പമുണ്ടായിരുന്നതാകട്ടെ, അന്വേഷണകമ്മീഷന്‍ അംഗം എ.കെ.ബാലനും പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയും. ഹൃദയഭേദകമായിരുന്നു ആ കാഴ്ച.

പാര്‍ട്ടിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ഒരാളായിട്ടുപോലും എല്ലാ പൊതുപരിപാടികളിലും പി.കെ.ശശി പങ്കെടുത്തു. ആരും അദ്ദേഹത്തെ തടഞ്ഞില്ല. ഇപ്പോള്‍ നവംബര്‍ 21ന് തുടങ്ങാനിരിക്കുന്ന നാല് ദിവസത്തെ പാര്‍ട്ടി ജാഥകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നതും പി.കെ.ശശിയെത്തന്നെയാണ്.

പലയിടത്തു നിന്നുമുള്ള സഖാക്കള്‍ ഇതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ സംശയിക്കുകയാണ്. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഞാന്‍ സംശയിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്.

അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത് എനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. പൊതുജനത്തിന് പാര്‍ട്ടിയിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ. താങ്കളുടെ ഇടപെടല്‍ പ്രതീക്ഷിച്ചുകൊണ്ട്,

വിപ്ലവാഭിവാദ്യങ്ങളോടെ,

പി. എസ്: ശശിയുടെ തന്നെ ഓഡിയോ സംഭാഷണം ഇതോടൊപ്പം ചേര്‍ക്കുന്നു. കാര്യങ്ങളെല്ലാം ഇതില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്.