നോട്ടുനിരോധനത്തിന് ഇന്ന് രണ്ടാണ്ട്; സാമ്പത്തികരംഗം കടുത്ത തകര്‍ച്ചയില്‍; മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

single-img
8 November 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. നിര്‍ണായക തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നോട്ട് നിരോധത്തിന്റെ രണ്ടാം വാര്‍ഷികമെത്തുന്നത്. നോട്ടു നിരോധനത്തിലൂടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികമെത്തുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത തകര്‍ച്ചയിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണംവാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാത്തത് ആര്‍.ബി.ഐയും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിച്ചിരിക്കുന്നു.

നോട്ടുനിരോധന ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടെന്ന് ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവ നേരിടാന്‍ നോട്ടുനിരോധനം നടപ്പാക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബര്‍ എട്ടിന് വ്യക്തമാക്കിയത്.

15.41 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പൊടുന്നനെ നിരോധിക്കപ്പെട്ടത്. ഇതില്‍ നാലര ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളിലേക്ക് തിരികെയെത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, 15.31 ലക്ഷം കോടി രൂപ തിരികെ എത്തി. എത്താതിരുന്നത് 10,720 കോടി രൂപ മാത്രം. ഇക്കാലത്ത് കണ്ടെടുത്ത കള്ളനോട്ട് ആകട്ടെ വെറും പതിനൊന്ന് കോടി രൂപ മാത്രവും.

നോട്ടുനിരോധനത്തിന് ശേഷം നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്രവിജയം നേടിയതോടെ അത് ആയുധമാക്കുന്നത് പ്രതിപക്ഷം ഒഴിവാക്കി. ബി.ജെ.പി ആകട്ടെ നേട്ടമായി പറയുന്നുമില്ല. ജനം നട്ടം തിരിഞ്ഞ തീരുമാനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആസ്തി മെച്ചപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടത് പുറത്തുവന്നിരിക്കുന്നത്.

2016 ലെ ഈ ദിവസം പ്രധാനമന്ത്രി നടത്തിയ ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കാര്‍ഷിക, ചെറുകിട വ്യവസായ രംഗവും അംസംഘടിത തൊഴില്‍ മേഖലയും ഇത് വരെ മോചിതരായിട്ടില്ല എന്നതാണ് യാതാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ഈ ദിനം പ്രതിപക്ഷം പ്രധാന ന്ത്രിയുടെ മാപ്പ് ആവശ്യപ്പെടുന്നത്.