നെയ്യാറ്റിന്‍കര കൊലപാതകം; പൊലീസിന്റേത് ഗുരുതര വീഴ്ച; ഡ്യൂട്ടി സമയം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് മാറി കയറി

single-img
8 November 2018

യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച് കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥയും പുറത്ത്. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഹരികുമാറാണ്.

അപകടശേഷം സനല്‍കുമാര്‍ അരമണിക്കൂറോളം റോഡില്‍ കിടന്നു. ഇത് ചോരവാര്‍ന്ന് മരണത്തിനിടയാക്കി. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിച്ചതനുസരിച്ച് എസ്‌ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് സനലിനെ പൊലീസ് ആദ്യം കൊണ്ട് പോയത്. എന്നാല്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ എത്രയും വേഗം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് ദേശീയപാത വഴി വേഗത്തില്‍ പോകുന്നതിന് പകരം ആദ്യം പൊലീസ് സ്റ്റേഷനിലേക്കാണ് ആംബുലന്‍സ് വിട്ടത്.

സ്റ്റേഷന് മുന്‍പില്‍ ആംബുലന്‍സ് കുറച്ച് നേരം നിര്‍ത്തിയിട്ടിരുന്നു. ഈ കാര്യങ്ങള്‍ ശരിവച്ച് കൊണ്ട് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്. ഇവിടെ വച്ച് പൊലീസുകാര്‍ മാറികയറുകയും ചെയ്തിരുന്നു. സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് സ്റ്റേഷനില്‍ കൊണ്ട് പോയിരുന്നതായി നാട്ടുകാര്‍ സംഭവ ദിവസം മുതല്‍ ആരോപിക്കുന്നുണ്ട്.

ഇത് ശരിവയ്ക്കുന്നതാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി സമയം തീര്‍ന്നതിനാല്‍ മാറിക്കയറുന്നതിനായിട്ടാണ് സ്റ്റേഷന് മുന്‍പില്‍ ആംബുലന്‍സ് നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ജീവന്റെ വില മനസിലാക്കാതെയാണ് ഡ്യൂട്ടിസമയത്തിന് മുന്നില്‍ പൊലീസ് ശുഷ്‌കാന്തി കാണിച്ചത്.

ഇതിനിടെ ഗുരുതര ആരോപണമുള്ള ഹരികുമാരടക്കമുള്ള രണ്ട് ഡിവൈ എസ്പിമാരെ മാറ്റണമെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് മുന്നു തവണയെന്ന് റിപ്പോര്‍ട്ട്. ഹരികുമാറിനെയും കൊല്ലത്ത് ക്രമസമാധാന ചുമതലയുള്ള ഒരു അസി.കമ്മീഷണറെയും മാറ്റണമെന്നായിരുന്നു ഐജിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ എത്താന്‍ വൈകി.