ഇന്ത്യന്‍ പേസര്‍മാരെ ഐപിഎല്ലില്‍നിന്ന് ഒഴിവാക്കണമെന്ന് കോഹ്‌ലി

single-img
8 November 2018

ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഐപിഎല്ലില്‍ നിന്ന് മാറിനിന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഉന്‍മേഷത്തോടെയും കായികക്ഷമതയോടെയും പങ്കെടുക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് സാധിക്കുമെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്‌ലി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യര്‍ഥന.

ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബോളിങ് യൂണിറ്റില്‍ അംഗങ്ങളാകാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍. അതേസമയം, കോഹ്‌ലിയുടെ അഭ്യര്‍ഥനയോടുള്ള ഇടക്കാല ഭരണസമിതിയുടെ പ്രതികരണം അറിവായിട്ടില്ല.

അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രില്‍ ആദ്യ വാരമാണ് തുടക്കമാകുക. അതേസമയം, വന്‍തുക മുടക്കി താരങ്ങളെ ടീമിലെടുത്ത ഐപിഎല്‍ ടീമുകള്‍ ഈ നിര്‍ദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.