വ്യാജ വാര്‍ത്ത; ജനം ടിവിക്കെതിരെ പോലീസ് കേസെടുത്തു

single-img
8 November 2018

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടിവിക്കെതിരെ എടത്തല പോലീസ് കേസെടുത്തു. എടത്തല സ്വദേശി ശശികല റൂറല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ശശികല റഹിമിന്റെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടിവി നവംബര്‍ നാലിന് സംപ്രേഷണം ചെയ്തതെന്ന് എടത്തല എസ്‌ഐ അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. മരുമകളെ സ്വീകരിക്കാനായി ശശികല പമ്പയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഫെയിസ്ബുക്ക് ലൈവിലൂടെ ഇവര്‍ ജനം ടിവി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ശശികല റഹിം. വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായിട്ടും തിരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നിയമപരമായി മുന്നോട്ടു പോകുമെന്ന് ശശികല റഹിം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.