സമരം സുപ്രീംകോടതി വിധിക്കെതിര്; ശബരിമലയിലേത് ന്യായീകരിക്കാനാകാത്ത അക്രമമെന്നും ഹൈക്കോടതി; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

single-img
8 November 2018

ശബരിമലയിലെ സമരം സുപ്രീംകോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നാമജപപ്രാര്‍ത്ഥന നടത്തിയതേ ഉള്ളൂവെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതി അക്രമത്തില്‍ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. സുപ്രീംകോടതി വിധിക്കെതിരെയാണ് സമരം നടന്നത്.

ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടന്ന സ്ഥലങ്ങളില്‍ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്.

നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്.

നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും അക്രമികള്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ഇവരുടെ ആക്രമണത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ പറഞ്ഞിരുന്നു.