തിരുവനന്തപുരത്ത് മകളുടെ ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച; സംഭവത്തില്‍ ദൂരൂഹത

single-img
8 November 2018

തിരുവനന്തപുരം: മകളുടെ ഫീസടക്കാന്‍ പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. പുനലൂര്‍ സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും സൂചനയൊന്നും ലഭിച്ചില്ല.

സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ബീനയ്ക്ക് കുടുംബപ്രശ്‌നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ സ്വന്തം സ്ഥാപനത്തിലേക്ക് ബീന പോയി. ഇവിടെ നിന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ മകളുടെ ഫീസടയ്ക്കാനുണ്ടെന്ന് പറഞ്ഞ് കോളേജിലേക്ക് പോയി. വട്ടപ്പാറയിലെ കോളേജിലേക്ക് പുറപ്പെട്ട ബീനയെ കാണാതാവുകയായിരുന്നു.

പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും ബീന ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.