പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടും ആകാശ് തളര്‍ന്നില്ല; ഒടുവില്‍ ആ വിളിയെത്തി; അംഗപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിയ്ക്കാന്‍…

single-img
8 November 2018

2016 ഏപ്രില്‍ 10ലെ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ആകാശിന്റെ ജീവിതംതന്നെ മാറ്റി മറിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോഴാണ് ആകാശ് ആ സത്യം തിരിച്ചറിഞ്ഞത്. തന്റെ ഇടതുകാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി കൃത്രിമ കാല്‍ വയ്‌ക്കേണ്ടി വന്നിരിക്കുന്നു.

ക്രിക്കറ്റ് സ്വപ്‌നം കണ്ടുനടന്നിരുന്ന ആകാശിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. എന്നാല്‍ വിധിയോട് പടവെട്ടാന്‍ തന്നെ ആകാശ് തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ആകാശ് ബികോം ബിരുദധാരിയായി. അപകടത്തിന് മുന്നെ ക്രിക്കറ്റ് താരമായിരുന്ന ആകാശ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

പിന്നീട്, വിധിയെ തോല്‍പിച്ചു നിശ്ചയദാര്‍ഢ്യത്തിലൂടെ കൃത്രിമകാലിന്റെ സഹായത്തോടെ കേരളാടീമിലേക്ക്. ഒടുവില്‍ അംഗപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി. ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാംപില്‍ നിന്നാണ് ആകാശിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് ആകാശ് ടീമിലെത്തുന്നത്. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശികളായ തുളസീദരന്‍ പിള്ളയുടേയും ഓമനയുടേയും മകനാണ് 23കാരനായ ആകാശ്. ഇന്ത്യക്ക് വേണ്ടി സ്വന്തം കാണികളുടെ മുന്നില്‍ കപ്പുയര്‍ത്തുകയെന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂവെന്ന് ആകാശ് പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലാണ് അംഗപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. ടീമില്‍ ആകാശ് ഒഴികെ മറ്റുള്ളവരെല്ലാം ജന്മനാ അംഗവൈകല്യമുള്ളവരാണ്. പത്ത് രാജ്യങ്ങള്‍ ഈ പോരാട്ടത്തിനായി പാഡണിയുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുന്ന 21 അംഗ ടീമിനെ പരിശീലിപ്പിക്കുന്നത് മദ്ധ്യപ്രദേശുകാരനായ സജേന്ദ്ര ജഡിയയാണ്.