എയര്‍ ഇന്ത്യ സേവനം താളംതെറ്റി

single-img
8 November 2018

എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിന്റെ (എ.ഐ.എ.ടി.എസ്. എല്‍) ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ജീവനക്കാരാണ് പണിമുടക്കിയത്. ബുധനാഴ്ച രാത്രി മുതല്‍ ഇവര്‍ പണിമുടക്കുകയായിരുന്നു.

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജോലികഴിഞ്ഞു പോയ സ്ഥിരജീവനക്കാരെ തിരിച്ചെത്തിച്ച് എയര്‍ ഇന്ത്യ സേവനം പുനരാരംഭിച്ചു. മൂന്നു മണിക്കൂറോളം പത്തോളം ആഭ്യന്തര സര്‍വീസുകളും മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകിയതായി എയര്‍ ഇന്ത്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ പതിനാറ് സര്‍വീസുകള്‍ വൈകിയെന്ന് മുംബൈ വിമാനത്താവള വക്താവ് പറയുന്നു.

ദീപാവലിയോടനുബന്ധിച്ച് കരാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയില്ലെന്ന കാരണത്താലാണ് ബുധനാഴ്ച രാത്രി മുതല്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്. കരാര്‍ ജീവനക്കാരുള്‍പ്പെടെ അയ്യായിരത്തോളം ജീവനക്കാര്‍ ഈ സ്ഥാപനത്തിനുണ്ട്. വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് ഇതിലെ ജീവനക്കാര്‍ നല്‍കുന്നത്. സര്‍വീസുകള്‍ വൈകിയതില്‍ യാത്രക്കാര്‍ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.