ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു

single-img
7 November 2018

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പും രാജ്യവും സാക്ഷിയായി. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഫലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചത്. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം.

തോല്‍പിച്ചതാകട്ടെ യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലീം എന്ന ഖ്യാതിയുള്ള കെയ്ത്ത് എല്ലിസണെയും. എന്നാല്‍, തായിബിന്റെ വിജയം നേരത്തെ പ്രവചിക്കപ്പെട്ടിരുന്നതാണ്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളാണ്.

മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തെത്തിയിരുന്നു. വന്‍കിട കോര്‍പ്പറേഷനുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെതിരെയും തായിബ് എതിര്‍ത്തിരുന്നു.