‘വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല’; സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി

single-img
7 November 2018

വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ രാജു. തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ജനങ്ങള്‍ വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

സിനിമയിലെ ഗാനരംഗത്തിനിടെയാണ് ഗൃഹോപകരണങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുള്ളത്. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്.

അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നു മന്ത്രി പറഞ്ഞു. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു. നേരത്തെ വിജയിയുടെ മെര്‍സലിലെ ചില രംഗങ്ങളും ഇത്തരത്തില്‍ വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ജി.എസ്.ടിയേയും നോട്ട് നിരോധനത്തെയും വിമര്‍ശിക്കുന്ന രംഗങ്ങളാണ് വിവാദമായത്. ബി.ജെ.പിയാണ് അന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.