ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി ഹിറ്റ്മാന്‍ രോഹിത് ശര്‍മ

single-img
7 November 2018

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ലക്‌നൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മല്‍സരം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് എന്നെന്നും ഓര്‍മിക്കത്തക്കതാക്കിയാണ് ഇന്ത്യ–വിന്‍ഡീസ് പരമ്പരയിലെ രണ്ടാം മല്‍സരത്തിനു തിരശീല വീണത്. 71 റണ്‍സിനു ജയിച്ചുകയറിയ ഇന്ത്യ, ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ലക്‌നൗവില്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റിലെ അപൂര്‍വനേട്ടത്തിന് ഉടമയാവുകയും ചെയ്തു. കുട്ടിക്രിക്കറ്റില്‍ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മൂന്നു സെഞ്ചുറികള്‍ നേടിയ ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോയുമായി രോഹിത് ഇതുവരെ റിക്കാര്‍ഡ് പങ്കിടുകയായിരുന്നു.

വെസ്റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തിലെ 58ാം പന്തിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്കെത്താന്‍ എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും രോഹിത് പറത്തി. ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുമായി രോഹിത് പങ്കിടുകയാണ്. 35 പന്തിലാണ് ഇരുവരുടെയും സെഞ്ചുറി.

കൂടാതെ, വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കെ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കി. 62 രാജ്യാന്തര ട്വന്റി 20 മല്‍സരങ്ങളില്‍നിന്ന് 48.88 റണ്‍സ് ശരാശരിയില്‍ 2102 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ റിക്കാര്‍ഡാണ് രോഹിത് മറികടന്നത്. 2203 റണ്‍സ് നേടിയ രോഹിതിനു മുന്നില്‍ 2271 റണ്‍സുമായി ന്യൂസിലന്‍ഡ് കളിക്കാരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മാത്രമാണുള്ളത്.