രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണമായും മങ്ങി

single-img
7 November 2018

എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. പ്രശ്‌നം കോടതിക്കു പുറത്ത് പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യത്തോടുള്ള പ്രതികരണമായിട്ടായിരുന്നു അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തര്‍ക്കപരിഹാരത്തിന്റെ ആവശ്യമില്ലെന്നാണ് എം.ടിയുടെ നിലപാട്. കരാര്‍ കാലാവധിക്കുള്ളില്‍ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായരാണ് കോടതിയെ സമീപിച്ചത്.

ഇതില്‍ തിരക്കഥ ഉപയോഗിച്ച് ചിത്രീകരണം തുടങ്ങുന്നതില്‍ നിന്ന് സംവിധായകനെയും നിര്‍മാണ കമ്പനിയെയും താല്‍കാലികമായി വിലക്കിയിരുന്നു. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മിക്കാനിരുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. കരാര്‍ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. തിരക്കഥ തയ്യാറാക്കിയിരുന്നു. പുതിയ നിലപാടോടെ സിനിമയുടെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലായി.