ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും; നടി പാര്‍വതി

single-img
7 November 2018

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കൊപ്പം ആണ് താനെന്ന് നടി പാര്‍വതി. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെകാലം ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പ്രമുഖ ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

‘ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുള്ള സ്ത്രീ മാറ്റിനിര്‍ത്തപ്പെടേണ്ടവളാണെന്ന ചിന്ത കാലങ്ങളായി തന്നെ അസ്യസ്ഥയാക്കുകയാണ്. ആര്‍ത്തവമുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകണമെന്ന് തോന്നുകയാണെങ്കില്‍ പോകുക തന്നെ ചെയ്യും. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടേക്കാം. പക്ഷേ ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണ്- പാര്‍വതി പറഞ്ഞു.

ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി തുറന്നടിച്ചു. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന നീതി നിഷേധങ്ങളെക്കുറിച്ചും പാര്‍വതി അഭിമുഖത്തില്‍ മനസ് തുറന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ മുദ്ര കുത്തുന്നത്. അവസരങ്ങള്‍ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും പാര്‍വതി പറഞ്ഞു.