ബന്ധു നിയമനത്തിനു പിന്നാലെ ഹജ് കമ്മിറ്റി ഓഫീസിലെ നിയമനങ്ങളും വിവാദത്തില്‍; മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍; ഇ.പി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി ജലീലിന് ഉള്ളതെന്ന് ചെന്നിത്തല

single-img
7 November 2018

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. കെ.ടി.ജലീലിനെതിരെ തെളിവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി. ജനറല്‍ മാനേജര്‍ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒഴിവാക്കിയത് യോഗ്യരായ അപേക്ഷകരെയെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.

ഒഴിവാക്കപ്പെട്ടവരില്‍ ധനകാര്യ അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ റീജണല്‍ മാനേജരും ഉണ്ട്. മന്ത്രി ജി.എം. ആയി നിയമിച്ച അദീപിനേക്കാള്‍ യോഗ്യത ഇവര്‍ക്കുണ്ട്. അദീപ് ഒഴികെ അപേക്ഷകരെല്ലാം സര്‍ക്കാര്‍–പൊതുമേഖലാ ജീവനക്കാരായിരുന്നു. നിയമനരേഖകള്‍ മന്ത്രി ഓഫീസിലേക്ക് മാറ്റിയെന്നും ഫിറോസ് ആരോപിച്ചു. ന്യൂനപക്ഷധനകാര്യ കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തി രേഖകള്‍ പരിശോധിച്ചശേഷമായിരുന്നു ഫിറോസിന്റെ ആരോപണം.

അതിനിടെ, ഹജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടും മന്ത്രിക്കെതിരേ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്ഥിരം തസ്തികയില്‍ വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുകയാണ് രീതി. എന്നാല്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ അതുപാലിക്കാതെ ഒരു വനിതയെ മന്ത്രിയുടെ താത്പര്യപ്രകാരം നിയമിച്ചുവെന്നാണ് 2015-2018 കാലയളവില്‍ ഹജ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രി പ്രതിരോധത്തിലായിരിക്കുകയാണ്. മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നല്‍കുന്നത്. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ളതാണിത്. നിര്‍ബന്ധിച്ച് നല്‍കേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണ്. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമായിട്ടില്ല. ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമാണ്. മന്ത്രി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ മന്ത്രിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി കഴിഞ്ഞു. മന്ത്രിക്കെതിരേ കേസ് നല്‍കുമെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം വന്നാല്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനാകില്ല.