ഡി.വൈ.എസ്.പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാതെ മെല്ലെപ്പോക്കു നയവുമായി പൊലീസ്; പൊലീസില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ

single-img
7 November 2018

നെയ്യാറ്റിന്‍കരയില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായി സൂചന. സംഭവം കഴിഞ്ഞയുടന്‍ തന്നെ ഇയാള്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം.

ഇടുക്കിയിലും തമിഴ്‌നാട്ടിലും ബന്ധങ്ങളുള്ള വ്യക്തിയാണു ഹരികുമാര്‍. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനിലെയും സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ടെന്നാണു വിവരം. ഒളിവില്‍ പോയ പ്രതിക്കു വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടില്ല.

പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്വേഷണത്തോടു സഹകരിക്കണമെന്ന് ബന്ധുക്കള്‍ വഴിയാണ് ഹരികുമാറിനെ അറിയിച്ചത്. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

അതേസമയം കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം പൊലീസില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. കേസില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് വിജി ആരോപിച്ചു. കുറ്റക്കാരനായ ഡിവൈഎസ്പിയെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ മതിയായ നടപടിയല്ല. ഹരികുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേകാര്യം സനലിന്റെ അമ്മയും ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്കു സംരക്ഷണം നല്‍കാനാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. കേസന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ വരണം. ഹരികുമാറിനു സസ്‌പെന്‍ഷനൊന്നും പുത്തരിയല്ലായിരിക്കാം. അതുകൊണ്ട് അയാളെ പിരിച്ചുവിടണം. ഏകവരുമാന മാര്‍ഗമാണ് ഇല്ലാതായത്. എന്തെങ്കിലും സഹായം ലഭിച്ചാലേ ജീവിക്കാനാകൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിജി പറഞ്ഞു.