‘നിങ്ങള്‍ ആ പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി’; ഗംഭീറിനുള്ള മറുപടി അസ്ഹര്‍ പിന്‍വലിച്ചു

single-img
7 November 2018

ഗൗതം ഗംഭീറിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ നല്‍കിയ മറുപടി മുഹമ്മദ് അസ്ഹറുദ്ദീന്‍ പിന്‍വലിച്ചു. കൂടുതല്‍ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാവാം അദ്ദേഹം ട്വീറ്റ് മായ്ച്ച്കളഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഈഡന്‍ ഗാര്‍ഡനിലെ പ്രശസ്തമായ മണിയടിച്ചത് അസ്ഹറായിരുന്നു. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ഒത്തുകളി ആരോപണം നേരിടുന്ന വ്യക്തികളെ എന്തിന് മണിയടിക്കാന്‍ വിളിക്കണമെന്നായിരുന്നു ഗംഭീറിന്റെ ചോദ്യം.

ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ ചോദ്യം. ഇന്ത്യ ചിലപ്പോള്‍ ഇന്നത്തെ മത്സരം വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും സിഒഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. അഴിമതിക്കാരോട് വിട്ടുവീഴ്ച്ചയില്ലെന്ന പോളിസിക്ക് ഞായറാഴ്ച്ച അവധി നല്‍കിയോ എന്നായിരുന്നു ഗംഭീറിന്റെ ചോദ്യം. ഇതിനാണ് അസ്ഹര്‍ മറുപടി നല്‍കിയത്.

അസ്ഹറെന്നാല്‍ മികച്ചൊരു ക്രിക്കറ്റ് താരമാണ്. നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റക്കാരനല്ല. ഗംഭീര്‍ ഒരു പ്രത്യേക പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി. അനുഭവസമ്പത്തുള്ള ഒരു മുന്‍താരത്തോട് ഒന്നും പറയേണ്ടതില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ താങ്കളേക്കാള്‍ മികച്ചവനാണ്. ആലോചിച്ച് മാത്രം ട്വീറ്റ് ചെയ്യുക. അസ്ഹര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ ട്വീറ്റ് അസ്ഹറിന്റെ അക്കൗണ്ടിലില്ല. ആ ട്വീറ്റ് അസ്ഹര്‍ നീക്കം ചെയ്യുകയായിരുന്നു.