കള്ളനെ വിട്ടയയ്ക്കാന്‍ അയാളുടെ ഭാര്യയില്‍ നിന്നു കൈക്കൂലി വാങ്ങിയ ‘ഓഫീസര്‍’; നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി പോലീസ് സേനയ്ക്കുള്ളിലെ അഴിമതിക്കാരന്‍

single-img
7 November 2018

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ബി.ഹരികുമാറിനെ ഒളിവില്‍ പാര്‍പ്പിച്ചത് പൊലീസിലെ പ്രബല സംഘടനയുടെ നേതാവാണെന്ന് രഹസ്യാന്വേഷണവിഭാഗം. നാവായിക്കുളം സ്വദേശിയായ ഡിവൈ.എസ്.പിയെ ആലുവയില്‍ നിന്ന് നെയ്യാറ്റിന്‍കരയിലെത്തിച്ച് ക്രമസമാധാന ചുമതല നല്‍കിയത് ഈ നേതാവിന്റെ താല്‍പര്യപ്രകാരമാണെന്നാണ് വിവരം.

അതേസമയം ബി. ഹരികുമാര്‍ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പലവട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ഹരികുമാര്‍ പാറശാല എസ്.ഐയായിരിക്കെ, ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനാണെന്നും പരാതിയുണ്ടായി.

ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണു പാറശാല സി.ഐ. റൂറല്‍ എസ്.പിക്കു സമര്‍പ്പിച്ചത്. അതോടെ പാറശാലയില്‍നിന്നു മാറ്റി. ഹരികുമാര്‍ ഫോര്‍ട്ട് സി.ഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലില്‍നിന്ന് ഇറക്കിവിട്ടു. വിവാദമായതോടെ സസ്‌പെന്‍ഷനിലായി.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു വടിവാളുമായി വേദിക്കരികിലെത്തിയ സുരക്ഷാവീഴ്ചയുടെ പേരിലും സസ്‌പെന്‍ഷനിലായി. ഒരു കൊല്ലത്തിനു ശേഷം ആലുവ സി.ഐയായി സര്‍വീസില്‍ തിരിച്ചെത്തി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയെ സ്വാധീനിച്ചാണ് ആലുവ ഡിവൈഎസ്പി കസേര തരപ്പെടുത്തിയത്.

ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷമാണു രാഷ്ട്രീയ പിന്തുണയോടെ ഇഷ്ടപ്പെട്ട തട്ടകത്തിലേക്ക് എത്തിയത്. മണല്‍ വ്യാപാരിയില്‍നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ഹരികുമാറിനെതിരെ കെ.കെ.സി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വിജിലന്‍സിന് പരാതിനല്‍കിയിരുന്നു.

മിക്ക ദിവസവും ഉച്ചകഴിഞ്ഞു വിശ്രമത്തിനായി നെയ്യാറ്റിന്‍കരയില്‍ നിന്നു നഗരത്തിലെ നന്ദാവനം എആര്‍ ക്യാംപിലെത്തുന്ന ഹരികുമാര്‍ അവിടെയാണ് അസോസിയേഷന്‍ നേതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഈ വര്‍ഷം സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ഹൈദരാബാദില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ ഏതാനും നേതാക്കളെ വിമാനത്തില്‍ കൊണ്ടുപോയത് ഇദ്ദേഹത്തിന്റ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വെള്ളറടയില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി എസ്‌ഐ കേസ് എടുത്തിരുന്നു. എന്നാല്‍ എസ്‌ഐയെ തന്റെ ഓഫിസില്‍ വിളിച്ചു വരുത്തി ഇദ്ദേഹം ആ എഫ്‌ഐആര്‍ വലിച്ചുകീറിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സേനയില്‍ പൊലീസ് കോണ്‍സ്റ്റബിളായി കയറിയ ഹരികുമാര്‍ 2003 ലാണ് എസ്‌ഐ പരീക്ഷ എഴുതി പൊലീസുകാരുടെ ക്വോട്ടയില്‍ ഓഫിസറായത്.

അതിനിടെ, ജുവലറി ഉടമയും കരാറുകാരനുമായ ബിനുവിന്റെ വീട്ടില്‍ ഡിവൈ.എസ്.പിയുടെ നിത്യസന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ ചുമതലയേറ്റത് മുതല്‍ ബിനുവിന്റെ വീട്ടില്‍ രാത്രികാലങ്ങളില്‍ പലപ്പോഴും ഡിവൈ.എസ്.പി വന്നുപോകാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ വാഹനത്തിലായിരുന്നു സന്ദര്‍ശനം. രാത്രി കാലങ്ങളില്‍ ഇവിടെ എത്തുന്ന ഡിവൈ.എസ്.പി ഏറെ നേരം ഇവിടെ ചെലവഴിച്ചിട്ടാണ് മടങ്ങാറുള്ളതെന്ന് പറയപ്പെടുന്നു. ഇന്നലെ ഇത്തരത്തില്‍ ഇവിടെ എത്തി മടങ്ങിപോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലും മരണത്തിലും കലാശിച്ചത്.

അതേസമയം, കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ കീഴടങ്ങുന്നതിന് അവസരം ഒരുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനോ ഒളിവില്‍ കഴിയുന്ന ഹരികുമാറിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനോ പൊലീസ് ഇതുവരെ കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.