ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നുവെന്ന് കെ. സുധാകരന്‍; കേരളത്തിലിപ്പോള്‍ വിമോചനസമരത്തെക്കാള്‍ മോശം സാഹചര്യമെന്ന് ശ്രീധരന്‍പിള്ള

single-img
7 November 2018

ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്.

ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിര്‍മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ശബരിമല ബിജെപി കൈയടക്കിയിരിക്കുകയാണ്. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാഴ്‌വാക്കായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ ഇപ്പോള്‍ വിമോച സമരകാലത്തേക്കാള്‍ മോശം സാഹചര്യമാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. എന്നാല്‍ 356 ാം വകുപ്പ് ഉപയോഗിക്കുന്നതില്‍ പരിമിതിയുണ്ട്. തന്ത്രിയോട് സംസാരിച്ചതില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. എസ്.എന്‍.ഡി.പി യോഗത്തിലെ വിശ്വാസികള്‍ എന്‍.ഡി.എ സമരത്തിന് ഒപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.