ഒരോവറില്‍ 43 റണ്‍സ്!; ലോക റെക്കോഡ് പ്രകടനത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍

single-img
7 November 2018

ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിന്റെ ഒരോവറില്‍ അടിച്ചുകൂട്ടിയത് 43 റണ്‍സ്.

ഇരുപത്തിയൊന്നുകാരനായ ലൂഡിക്കിന്റെ ആ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. പിന്നീട് ബാറ്റ്‌സ്മാന്റെ അരയ്ക്ക് മുകളില്‍ നില്‍ക്കുന്ന തരത്തില്‍ രണ്ട് ഫുള്‍ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തി.

ഇതോടെ തന്നെ ലൂഡിക്ക് തളര്‍ന്ന അവസ്ഥയിലായി. അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും നിലംതൊട്ടില്ല. ഒരോവറില്‍ 43 റണ്‍സ് കണ്ട് കാണികള്‍ അമ്പരന്നു.

ആറാമതായി ബാറ്റിങ്ങിനിറങ്ങിയ കാര്‍ട്ടര്‍ 102 റണ്‍സും ഏഴാമതായി ഇറങ്ങിയ ഹാംപ്റ്റണ്‍ 95 റണ്‍സും അടിച്ചെടുത്തു. ഈ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് പടുത്തുയര്‍ത്തിയത്. നേരത്തെ സിംബാബ്‌വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലായിരുന്നു റെക്കോഡ്.

2013-14ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോള്‍ 39 റണ്‍സാണ് സിംബാബ്‌വേ താരം ഒരോവറില്‍ നേടിയത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരെയായിരുന്നു ചിംഗുബരയുടെ റെക്കോഡ് ബാറ്റിങ്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി ഒരോവറില്‍ 37 റണ്‍സടിച്ചിരുന്നു.