മദ്യപിച്ച് ലക്കുകെട്ടയാള്‍ ദീപാവലി ആഘോഷിച്ചത് 18 വാഹനങ്ങള്‍ക്ക് തീയിട്ടുകൊണ്ട്: വീഡിയോ പുറത്ത്

single-img
7 November 2018

മദ്യലഹരിയില്‍ അജ്ഞാതന്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ട് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മദാന്‍ഗിറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന സി.സി.ടി.വി കാമറയില്‍ നിന്ന് പ്രതി വാഹനം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ബൈക്കിന്റെ ഫ്യുവല്‍ പൈപ്പ് ഊരിയാണ് തീവെക്കുന്നത്. ആറോളം ബൈക്കുകളിലാണ് ഇത്തരത്തില്‍ തീവെച്ചത്. പെട്രോള്‍ പുറത്തേക്ക് പടര്‍ന്നതിനാലാകാം തീ മറ്റുവാഹനങ്ങളിലേക്ക് പടര്‍ന്നത്. തീ വെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പുലര്‍ച്ചെ പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.