ബംഗ്ലാദേശ് നാണംകെട്ടു; 18 വര്‍ഷത്തിനിടെ സിംബാബ്‌വെയ്ക്ക് വിദേശത്ത് ആദ്യ ടെസ്റ്റ് ജയം

single-img
6 November 2018

ആതിഥേയരായ ബംഗ്ലാദേശിനെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാണം കെടുത്തി സിംബാബ്‌വെയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സില്‍ഹെട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 151 റണ്‍സിനാണ് സിംബാബ്!വെയുടെ ജയം. രണ്ടാം ഇന്നിങ്‌സില്‍ 321 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ്, ഒന്നര ദിവസത്തെ കളി ബാക്കിനില്‍ക്കെ 169 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ, രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ സിംബാബ്‌വെ 1-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ടെസ്റ്റില്‍ സിംബാബ്‌വെ വിജയിക്കുന്നത്. 18 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സുമായി സിംബാബ്‌വെ ഇന്നിങ്‌സിന് കെട്ടുറപ്പു പകര്‍ന്ന സീന്‍ വില്യംസാണ് കളിയിലെ കേമന്‍. ഒന്നാം ഇന്നിങ്‌സില്‍ വഴങ്ങിയ 139 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് മല്‍സരത്തില്‍ ബംഗ്ലദേശിന് തിരിച്ചടിയായത്.

രണ്ടാമിന്നിങ്‌സില്‍ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 169 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അരങ്ങേറ്റ താരം ബ്രണ്ടന്‍ മാവുത്തയാണ് സന്ദര്‍ശകരുടെ വിജയം അനായാസമാക്കിയത്.

88 റണ്‍സടിച്ച സീന്‍ വില്ല്യംസിന്റേയും പുറത്താകാതെ 63 റണ്‍സ് നേടിയ പീറ്റര്‍ മൂറിന്റേയും 52 റണ്‍സടിച്ച ക്യാപ്റ്റന്‍ മസകദ്‌സയുടേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ 282 റണ്‍സാണ് സിംബാബ്‌വെ നേടിയത്. മികച്ച സ്‌കോറിലേക്ക് പോവുകയായിരുന്ന സിംബാബ്‌വേയെ തൈജുല്‍ ഇസ്ലാമിന്റെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. 39.3 ഓവറില്‍ 108 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് തൈജുല്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന് പുറത്താക്കി സന്ദര്‍ശകര്‍ 139 റണ്‍സിന്റെ ലീഡ് നേടി. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ സി ക്കന്ദര്‍ റാസയും ചതാരയുമാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കൂട്ടിയത്.

രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വേയെ 181 റണ്‍സിന് പുറത്താക്കി ബംഗ്ലാദേശ് സമനിലയിലേക്കുള്ള കരുക്കള്‍ നീക്കി. അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത തൈജുല്‍ ഇസ്ലാമിന്റെ മികവിലായിരുന്നു ഇത്. എന്നാല്‍ ലെഗ്‌ബ്രേക്ക് ബൗളറായ മാവുത്ത ആതിഥേയരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചു.

മൂന്നു വിക്കറ്റുമായി സിക്കന്ദര്‍ രാജ അരങ്ങേറ്റ താരമായ മാവുത്തയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇതോടെ രണ്ടിന്നിങ്‌സിലുമായി സിക്കന്ദര്‍ ആറു വിക്കറ്റ് നേടുകയും ചെയ്തു. 11 വിക്കറ്റ് വീഴ്ത്തിയ തൈജുല്‍ ഇസ്ലാമിന്റെ പ്രകടനമാണ് നാണക്കേടിനിടയിലും ബംഗ്ലാദേശിന് ആശ്വാസം പകര്‍ന്നത്.